ദുബായ്: ഒമാൻ തുറമുഖത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണ ടാങ്കറിനു നേർക്ക് ഇന്നലെ യുഎസ് സേനയുടെ ആക്രമണം. ഗിനിയ-ബിസാവു പതാകയേന്തിയ എംടി ജൽവീർ എന്ന കപ്പലായിരുന്നു ആക്രമിക്കപ്പട്ടത്.
നാവിക ഉപരോധം ലംഘിച്ച് ഇറേനിയൻ എണ്ണ കടത്താൻ ശ്രമിച്ചതും യുഎസ് സൈന്യത്തിന്റെ നിർദേശങ്ങൾ ലംഘിച്ചതുമാണ് ആക്രമണത്തിനു കാരണമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. രണ്ടു ഹെൽഫയർ മിസൈലുകളാണ് കപ്പലിനു നേർക്ക് യുഎസ് സേന തൊടുത്തത്.
ഇന്ത്യക്കാരായ 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. നാലു ദിവസത്തിനിടെ മൂന്നാം തവണയാണ് ഇന്ത്യൻ ജീവനക്കാരുള്ള കപ്പലുകൾ ആക്രമിക്കപ്പെടുന്നത്.
പലാവു പതാകയേന്തിയ കപ്പലാണ് ആദ്യം ആക്രമിക്കപ്പെട്ടത്. തിങ്കളാഴ്ചയായിരുന്നു സംഭവം. എംടി മാരിവെക്സ് എന്ന കപ്പലിനു നേർക്കായിരുന്നു ആക്രമണം. കപ്പലിനു തീപിടിച്ചു.
എന്നാൽ, ഇന്ത്യക്കാരായ 24 ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. ബുധനാഴ്ച പലാവു പതാകയേന്തിയ സെറ്റെബെല്ലോ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു. 24 ഇന്ത്യൻ ജീവനക്കാരിൽ മൂന്നു പേർ കൊല്ലപ്പെട്ടു.